ഡബ്ലിൻ: വെക്സ്ഫോർഡ് സെന്റ് അൽഫോൻസാ സീറോമലബാർ കമ്യൂണിറ്റിയിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച (ഒക്ടോബർ അഞ്ച്) വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.
വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമങ്ങൾ നടക്കുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കൽ തിരുനാളിനു കൊടിയേറ്റും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് തുടർന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം.
തിരുനാൾ തിരുകർമങ്ങൾക്ക് അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമികനായിരിക്കും. ഫാ. പോൾ കോട്ടയ്ക്കൽ (സെന്റ് പോൾസ്) സഹകാർമികനായിരിക്കും. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.
ദൈവകൃപ ഏറ്റുവാങ്ങുവാൻ, സ്വീകരിച്ച നന്മകൾക്ക് നന്ദി പറയുവാൻ, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവങ്ങൾ സ്വന്തമാക്കുവാൻ ഏവരെയും തിരുനാളിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.